നമസ്കാരം! ഞങ്ങള്‍ വയനാട് ഡയറ്റിലെ ടിടിസി വിദ്യാര്‍ത്ഥികള്‍.മലവെള്ളപ്പാച്ചിലുപോലെയുള്ള ജീവിതപ്പാച്ചിലിനിടയില്‍ ഉള്ളില്‍ത്തടയുന്നതു ചിലതെങ്കിലും കോറിയിടാന്‍, ക്യാമ്പസ് മുഹൂര്‍ത്തങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞങ്ങളൊരു ബ്ലോഗ് തുടങ്ങുന്നു. സഹകരണവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു.

Friday, 12 August 2011

സര്‍ഗം (സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ക്ലാസ്റൂം രചനകള്‍) പ്രകാശനം ചെയ്തു.വയനാട് ജില്ലയിലെ എല്‍.പി, യു.പി  വിദ്യാര്‍ത്ഥികളുടെ ക്ലാസ്റൂം രചനകളുടെ സമാഹാരം 'സര്‍ഗം'  പ്രശസ്ത എഴുത്തുകാരന്‍ ശ്രീ. കല്‍പ്പറ്റ നാരായണന്‍ പ്രകാശനം ചെയ്തു. സര്‍ഗത്തിലെ രചനകള്‍ നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സാഹിത്യശില്‍പശാലക്ക് സര്‍വ്വശ്രീ റെജിമാസ്റ്റര്‍, ടിസി ജോണ്‍, സുകുമാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.അന്‍പതോളം വിദ്യാര്‍ത്ഥികള്‍ ശില്‍പശാലയില്‍ പങ്കെടുത്തു.പ്രിന്‍സിപ്പാള്‍ ശ്രീ അബ്ദുള്‍റസാഖ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എം.എ ശശി സ്വാഗതവും എസ് കെ ജയദേവന്‍ നന്ദിയും പറഞ്ഞു.


Friday, 5 August 2011

നാടന്‍പാട്ടുകളുടെ മേളം

തീയ്യേറ്റര്‍ ക്യാമ്പിന്റെ സമാപനച്ചടങ്ങ്...ശ്രീ. മാത്യൂസ് നാടന്‍പാട്ട് അവതരിപ്പിക്കുന്നു.

മഴക്കാലം


കര്‍ക്കടകം.....മഴ ......പച്ച നിറമുള്ള ഭൂമി !

Thursday, 4 August 2011

ടിടിസി ഒന്നാം വര്‍ഷം ക്ലാസുകള്‍ ആരംഭിച്ചു.

ഡയറ്റിലെ ടിടിസി ഒന്നാം വര്‍ഷവിദ്യാര്‍ത്ഥികള്‍ക്കും  രക്ഷകര്‍ത്താക്കള്‍ക്കുമായുള്ള  ഓറിയന്റേഷന്‍ ക്ലാസ് ആഗസ്റ്റ് 3ന് ബുധനാഴ്ച നടന്നു. തുടര്‍ന്ന് നടന്ന പിടിഎ ജനറല്‍ബോഡിയില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു.
ഡയറ്റിലെ രണ്ടാം വര്‍ഷ ടിടിസി വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ദ്വിദിന ഇംഗ്ലീഷ് തീയ്യേറ്റര്‍ ക്യാമ്പിന് (2011 ആഗസ്റ്റ് 4,5) തുടക്കമായി.  അധ്യാപനനൈപുണികള്‍ വികസിപ്പിക്കാനുതകുന്ന ഇരുപതോളം ആക്ടിവിക്ടികളാണ് പരിശീലിക്കുന്നത്.

                                                     ഇംഗ്ലീഷ് തീയ്യേറ്റര്‍ ക്യാമ്പ്Tuesday, 5 July 2011

സൗഹൃദം എന്ന സത്യം (ആതിര കെ ആര്‍ , ടിടിസി രണ്ടാം വര്‍ഷം)

   സുഹൃത്തേ,  കാലത്തിന്റെ മണിവീണക്കമ്പികളില്‍ സ്നേഹത്തിന്റെ ദേവരാഗം മീട്ടാന്‍ വാനം കാണാത്ത മയില്‍പ്പീലികള്‍ക്കാകുമോ? അറിയില്ല. അളന്നൊഴിച്ചാല്‍ നിറം മങ്ങുന്ന ആറ്റിലെ നീര്‍മണികള്‍ സാഗരസന്ധ്യയുടെ മാറിലണിയുമ്പോള്‍ കളങ്കപ്പെടുന്നു. സ്നേഹം ഒരിക്കലും അളക്കാനുള്ളതല്ല, അവ എപ്പൊഴും സത്യത്തിന്റെ വാതിലുകള്‍ തുറന്നുതരുന്നു. ജീവിതത്തിന്റെ കയ്യെത്താത്ത വഴിത്താരകളില്‍ ഞാന്‍ തേടുന്നതും ആ സത്യത്തെ മാത്രം! യൗവനത്തിന്റെ പുറംതാളുകള്‍ ചിതലരിച്ചാല്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ പറന്നകലും. നഷ്ടത്തിന്റെ മൂല്യത്തെ തിരിച്ചറിയുമ്പോള്‍ ഒരു പക്ഷേ കാലത്തിന്റെ കലാലയത്തില്‍നിന്നവ  വിരമിച്ചിട്ടുണ്ടാവാം. സ്നേഹത്തിന്റെ മുഖം എപ്പോഴും വിരളമാണ്. നിഷ്കളങ്കമായ നമ്മുടെ സൗഹൃദത്തിന്റെ നിറം മങ്ങാത്ത മഴവില്ലിന്‍ ഏഴു വര്‍ണങ്ങള്‍  ഏഴു യുഗങ്ങളായി കോര്‍ത്തിണക്കാന്‍ ഇനിയും എത്രയോ കാത്തിരിക്കേണ്ടിവരുമോ നാം? കാലം എത്ര മാറിനിന്നാലും ജീവിതം , അതൊരു സത്യം മാത്രമായി മുമ്പില്‍ നില്‍ക്കുന്നു..... 

നോവ് (നിഷബ എസ്, ടിടിസി രണ്ടാം വര്‍ഷം)

നോവിന്‍ നെരിപ്പോടെരിയുന്നുവോ?
എന്നകസമുദ്രത്തില്‍ തിരകളാര്‍ക്കുന്നുവോ?
ഓര്‍ക്കന്നു ഞാനെന്റെയിന്നലകളെ...
ഓര്‍ക്കുന്നു ഞാനെന്‍ മറക്കാനരുതാത്ത നിമിഷങ്ങളെ...
കത്തിജ്വലിക്കുന്ന സൂര്യനൊരുനാള്‍
പൊട്ടിത്തെറിക്കുമെന്നാരോ പറഞ്ഞു.
അതുപോലെയെന്‍ മനവും
ഒരുനാള്‍ പൊട്ടിത്തെറിക്കും!

Wednesday, 29 June 2011

പതനം -സ്റ്റെഫി (ടിടിസി രണ്ടാം വര്‍ഷം)

നിറം മങ്ങിയ കാഴ്ചകള്‍ക്ക്
മഴവില്ലിന്റെ ചാരുതയാണെന്ന്
പറഞ്ഞുതന്നത് നീയാണ്....


തെളിമയേകുന്ന നിലാവിന്
കേള്‍വിക്കുറവുണ്ടാകുമെന്ന്
ചിരിച്ചുകൊണ്ട് പറഞ്ഞതും നീ തന്നെ...

പക്ഷേ,
കാഴ്ചകള്‍ തരാതെ
മഴവില്ലുകള്‍ മാഞ്ഞുപോയപ്പോള്‍....
കേള്‍വിക്കുറവുണ്ടായിട്ടും നിലാവ്
അതിനെ പിടികൂടിയത്രെ!നമ്മള്‍ക്കിടയില്‍ -ഹസീന(ടിടിസി രണ്ടാം വര്‍ഷം)

ഇടിഞ്ഞുപൊളിഞ്ഞ മേല്‍ക്കൂരയും
നിര്‍ത്താതെ ഓരിയിടുന്ന ശ്വാനനും
വേദനകിട്ടാതെ വെമ്പുന്ന ആകാശവും,
പിന്നെ...,
എന്റെ നെഞ്ചിടിപ്പിനു മീതെ
മഞ്ഞിന്റെ കൂടാരമണിഞ്ഞ
ചുവന്ന പുഷ്പം ചൂടിയ
വെളുത്ത കുതിര വഹിക്കുന്ന വണ്ടി.....

അതു തമ്മിലുള്ള അന്തരം
നമുക്കിടയിലെ ചിന്തുകള്‍ കണക്കെ
വിജനം...ശൂന്യം.


Friday, 24 June 2011

നമസ്കാരം
‍ഞങ്ങള്‍ വയനാട് ഡയറ്റിലെ ടിടിസി വിദ്യാര്‍ത്ഥികള്‍...ജീവിതപ്പാച്ചിലിനിടയില്‍ ഉള്ളില്‍ത്തട്ടുന്ന ചിലത് കോറിയിടാനായി,ക്യാമ്പസിലെ മുഹൂര്‍ത്തങ്ങള്‍ ചിത്രങ്ങളിലൂടെ പങ്കുവയ്ക്കാനായി  ഞങ്ങള്‍ ഒരു ബ്ലോഗ്  തുടങ്ങുന്നു.താങ്കളുടെ അകമഴിഞ്ഞ സഹകരണവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു....
                                                   സ്നേഹത്തോടെ
                                                   ടിടിസി വിദ്യാര്‍ത്ഥികള്‍ ‍‍‍‍